ആനയും കുരങ്ങനും ....കഥ സന്തോഷ് വള്ളിക്കോട്
ആനയും കുരങ്ങനും ഒരു ദിവസം ഒരാന കാട്ടിലെ അരുവിയിൽ മുങ്ങിക്കുളിച്ച് വരികയായിരുന്നു. അപ്പോഴാണ് എതിരേ ഒരു കുരങ്ങൻ ചാടിത്തുള്ളി വരുന്നത് കണ്ടത്. ദേഹമെല്ലാം ചെളിയിൽ പൊതിഞ്ഞായിരുന്നു അവന്റെ വരവ്. കുരങ്ങന്റെ വരവ് കണ്ട് ആന അല്പം വഴിമാറിനടന്നു. ഇത് കണ്ട് ആനയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് കുരങ്ങൻ അരുവിയിലേക്ക് ചാടി. അരുവിയിൽ കുളിക്കുകയായിരുന്ന അവന്റെ ചങ്ങാതിമാരായ കുരങ്ങന്മാരോട് അവൻ ഇങ്ങനെ പറഞ്ഞു. ‘ഹി.ഹി.ഹി, ദേ ആ ആന മഹാപേടിത്തൊണ്ടനാ. എന്നെ കണ്ട് പേടിച്ച് വഴിയിൽ നിന്നു മാറിനടന്നു. ഇത് കേട്ട് മറ്റ് കുരങ്ങന്മാർ ആനയെ നോക്കി ഉച്ചത്തിൽ കളിയാക്കി ചിരിച്ചു. ആന ഒന്നും മിണ്ടാതെ തന്റെ ചങ്ങാതിമാരുടെ അടുത്തേക്ക് നടന്നു. തന്നെ കുരങ്ങന്മാർ കളിയാക്കിയ കാര്യം അവൻ തന്റെ ചങ്ങാതിമാരോട് പറഞ്ഞു. അപ്പോൾ കൂട്ടത്തിലുള്ള ഒരാന ചോദിച്ചു. “ ശരിക്കും നീ അവനെ പേടിച്ച് വഴിമാറി നടന്നതാണോ?” അപ്പോൾ ആന ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു. “എന്റെ ചങ്ങാതീ, വേണമെങ്കിൽ ഒറ്റപ്പിടിത്തത്തിന് അവന്റെ കാലെല്ലാംകൂടി തൂക്കിയെടുത്ത് എറിയാൻ എനിക്കൊരു പ്രയാസവുമില്ല. പക്ഷേ, അവനെ ഞാൻ പിടിച്ചാൽ അവന്റെ ദേഹത്തെ ചെളി മുഴുവനും എന്റെ ദേഹത്താവും. അത് വേണ്ടാന്നുവെച്ചിട്ടാ ഞാൻ മിണ്ടാതെ ഒഴിഞ്ഞുമാറി നടന്നത്.” നമ്മുടെ ജീവിതത്തിലും ഇതുപോലെ സംഭവിക്കാറുണ്ട്. കഥയിലെ കുരങ്ങൻ നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജിയുള്ളവരാണ്. ഇത്തരം ആൾക്കാരോട് എതിരിടാൻ നിൽക്കാതെ സ്വയം ഒഴിഞ്ഞുമാറുന്നതാണ് ബുദ്ധി.